Pages

Friday, April 4, 2014

ഇതാ ഒരു കവിത..

ഉണരൂ സഖാക്കളേ വേഗം...!
-------------------------

ഒരു ദശാസന്ധി തൻ
പടവിൽ നാ,മിരുൾ മാത്ര-
മിണചേർന്നു നില്ക്കുന്നു ചുറ്റും..

പെരുകും തമസ്സിൽ നാ-
മന്ധരായ്‌, മൃത്യുതൻ
മണവും ശ്വസിച്ചിരിക്കുന്നു..

ഇവിടെ നാം വൈകിയാ-
ലിരുളിന്റെ ശക്തികൾ-
ക്കിര മാത്രമായി നാം മാറും..

ഇവിടെ നാം പതറിയാ-
ലിനിയുള്ള ജീവിതം
ഇവർ തന്ന ദക്ഷിണ്യമാകും..

ഇരുളറ,യ്ക്കുള്ളിലേയ്‌-
ക്കിവർതന്നെ നമ്മൾ തൻ
ധനമൊക്കെയും കൊണ്ടുപോകും..

ഒരുതുള്ളി മാത്രം
കൊതിക്കുമ്പൊഴും ദാഹ-
ജലവും നമു,ക്കന്യമാകും..

ഇവിടെ നാം ചിതറിയാ-
ലറിവിന്റെ പാഠങ്ങൾ
പനയോല മാത്രമായ് തീരും..

ചിതലിന്റെ കൊട്ടാര-
വാതുക്കൽ നമ്മളും
ജട കെട്ടി മൗനമായ് നില്ക്കും..

ഇവിടെ നാം  മൗനിയായ്
മാറിയാൽ സംഗീത-
മിവിടം വെടിഞ്ഞങ്ങു പോകും..

ഉയരുന്ന ചാട്ടവാർ
പകരും സ്വരം മാത്ര-
മിവിടെങ്ങു,മെന്നും മുഴങ്ങും..

ഇനി നാ,മുറങ്ങിയിയാ-
ലരികൾത,ന്നായുധം
ഇടനെഞ്ചി,ലാഴത്തിലേറും..

കരയുവാ,നാവാ-
തൊടുങ്ങുന്ന നമ്മൾ തൻ
ജഡവും മുറി,ച്ചിവർ വില്ക്കും..

ഉണരൂ​‍ൂ സഖാക്കളേ വേഗം-ചോര-
നിറമീ,പ്പതാകയ്ക്കു നിത്യം..
ഇരു കൈകൾ കൊണ്ടും
പിടിക്കുമീ കൊടിമാത്ര-
മിനി മോചനത്തിന്നു സാക്ഷ്യം....

പൊരുതൂ സഖാക്കളേ വേഗം-നീച-
ഭരണ വർഗ്ഗങ്ങളേ ലക്ഷ്യം...
ഒരു ന്യൂന പക്ഷം
സുഖിക്കുന്ന വാഴ്ചത-
ന്നറുതിക്കു പോരാണു മാർഗ്ഗം...

പടരൂ സഖാക്കളേ വേഗം-നാളെ-
വിടരും പ്രഭാതമേ സത്യം..
ദുര തീർത്ത പുരമാകെ-
യെരിയുന്ന പാട്ടിനായ്‌
ചെവിയോർ,ത്തിരിക്കുന്നു കാലം...!


                --(----

ടി.യൂ.അശോകൻ

4 comments:

  1. Zindabad...zindabad.........chora chenkodi paratte...

    ReplyDelete
  2. ഉണരൂ സഖാക്കളെ

    ReplyDelete
  3. (എല്ലാ കൊടിക്കീഴിലുമണിനിരക്കുന്ന) നേതാക്കന്മാരേ..... ഒന്നുണരോ....

    നാടെരിയുന്നൂൂ..നാട്ടാരുടെ കരളെരിയുന്നൂ...
    പാവങ്ങളാണേലും ഞങ്ങള് പായസച്ചോറ് തരാം....


    നല്ല കവിത


    ശുഭാശംസകൾ.....


    ReplyDelete