Pages

Saturday, March 15, 2014

കേരള സാഹിത്യ അക്കാദമിയോട് ഒരഭ്യർത്ഥന



             സാഹിത്യത്തിന്റെ ആദിമ രൂപം കാവ്യത്തിലാണു ഉദയം ചെയ്തതെന്നു  കേട്ടിട്ടുണ്ട്.ചമൽ ക്കാരപ്രധാനമായ രചനക്ക് താളം കൂടി ലഭിക്കുമ്പോളാണു കാവ്യം  ഉണ്ടാകുന്നത്.ഋഗ്വേദം മുതൽ ലഭ്യമായ എല്ലാ പൗരാണിക സാഹിത്യങ്ങളും കേവലഗദ്യത്തെ ഉപേക്ഷിക്കയും പദ്യ-കാവ്യ സരണിയിലൂടെ മാത്രം മുന്നേറുകയുമാണു ചെയ്തത്.ലിപിയുടെ അഭാവത്തിൽ ഓർത്തു വെക്കുന്നതിനുള്ള സൗകര്യം കൊണ്ടു മാത്രമാണു കാവ്യം പ്രാമാണ്യം നേടിയതെന്ന വാദം ഭാഗികമായി ശരിയാണു. എന്നാൽ ഇതേ വാദം കാവ്യത്തിന്റെ പ്രാധാന്യത്തെ സാധൂകരിക്കുന്നുമുണ്ട്.കാരണം ഒറ്റ വായനയിൽ തന്നെ ഓർമ്മയിൽ തങ്ങിനിൽ ക്കാൻ കെല്പുറ്റതാണു കാവ്യം.ഗദ്യത്തിനു ഈ ഗുണം ഇല്ല.മാത്രമല്ല അല്പം വാക്കുകൊണ്ട് അത്ഭുതാനന്ദാതിരേകം ഉളവാക്കാൻ കാവ്യത്തിനുള്ള കഴിവ് ഗദ്യത്തിനില്ല. ഇതുകൊണ്ട് ഗദ്യം മോശമാണെന്ന് ഇവിടെ അർത്ഥമാക്കുന്നില്ല. എന്നാൽ സാഹിത്യ ലോകത്ത് കാവ്യത്തിനുള്ള  ഇടം കാവ്യത്തിനു മാത്രമാണെന്നു ഇവിടെ ഉറപ്പിച്ചു പറയുന്നു എന്നു മാത്രം.
  വസ്തുതകൾ ഇങ്ങനെയായിരിക്കേ കവിതയ്ക്കുള്ള പുരസ്ക്കാരം ഗദ്യ രചനക്കു കൊടുക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് അറിയിക്കട്ടേ.  എങ്ങിനെയൊക്കെ വിലയിരുത്തിയിട്ടും അക്കാദമി, കാവ്യേതരമായ ഒരു രചനയ്ക്ക് കവിതാപുരസ്കാരം  നല്കുന്നത് ഉൾക്കൊള്ളാനും പറ്റുന്നില്ല.പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്ന രചനയുടെ ഗുണദോഷ വിചാരണയ്ക്കോ ലാവണ്യ ചർച്ചക്കോ ഒന്നും ഇവിടെ മുതിരുന്നില്ല.ആ വഴിക്കുള്ള  മേന്മയോ മേന്മക്കുറവോ ഒന്നുമല്ല   വിഷയം.
            കവിതയ്ക്കുള്ള പുരസ്കാരം അതല്ലാത്ത രചനാ രൂപത്തിനു നൽ കുന്നതു മാത്രമാണു പ്രശ്നം. കഥകളിക്കുള്ള പുരസ്കാരം കഥാപ്രസംഗത്തിനു നൽ കുമോ..നാടകത്തിനുള്ളത് സിനിമക്കു നൽ കുമോ.. അക്കാദമി തന്നെ, നോവലിനുള്ള പുരസ്കാരം ചെറുകഥയ്ക്കു നൽ കുമോ..സാഹിത്യ വിമർശനത്തിനുള്ളത് സഞ്ചാര സാഹിത്യത്തിനായ് നീക്കിവെയ്ക്കുമോ.ഇല്ലെന്നുറപ്പാണു. അപ്പോൾ പിന്നെ കവിതയ്ക്കുള്ളതു മാത്രം ആ ജനുസിൽ പെടാത്ത, ഇനിയും പേരിടാത്ത വേറൊരിനത്തിനു നൽ കുന്നതിലെ യുക്തിയെന്താണു.
  ഭാരതീയർക്ക് കവിത എത്രയോ പഴക്കമുള്ളതാണു..എന്നാൽ ഗദ്യ വഴിയിലെ   നോവലും ചെറുകഥയും ഇവിടെ നവീന സാഹിത്യ രൂപങ്ങളാണു. തീർത്തും വൈദേശികമായ ഇവയിൽ സർഗ്ഗധനന്മാരായ  നമ്മുടെ സാഹിത്യ നായകന്മാർ മഹത്തരമായ എത്രയോ  സംഭാവനകൾ നൽ കിയിരിക്കുന്നു.ഖസാക്കിന്റെ ഇതിഹാസം മഞ്ഞ് എന്നിവയിൽ ഗദ്യത്തിന്റെ പെരും കളിയാട്ടം തന്നെ നമുക്കു  ദർശിക്കാം. കാലാന്തരത്തിൽ  ഉടലെടുത്ത ഇത്തരം പുതു രൂപങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറായ കൈരളി  അവയെ കാവ്യേതരമായി തന്നെയാണു കണക്കാക്കിപ്പോന്നിട്ടുള്ളത്.എന്നിരിക്കേ ,  നിരന്തരം പ്രത്യക്ഷപ്പെടുന്ന  ഗദ്യരൂപങ്ങളെ ഇപ്പോൾ കാവ്യക്കുറി ചാർത്തുന്നത് എന്തടിസ്ഥാനത്തിലാണു.രൂപം കൊണ്ടോ ഭാവം കൊണ്ടോ കാവ്യത്തോടു നീതിപുലർത്താത്ത  രചനകൾക്ക് എങ്ങിനെയാണു കവിതാ പുരസ്കാരം നല്കുന്നത്.
          ഭാഷാ പിതാവായ എഴുത്തച്ഛൻ തൊട്ടിങ്ങോട്ടുള്ള എല്ലാ മലയാള കവികളേയും നിന്ദിക്കുന്നതിനു തുല്യമല്ലേ ഇത്.മുൻ കാലങ്ങളിലേപ്പോലെ മലയാള സാഹിത്യത്തിന്റെ വളർച്ചയുടേ  ഭാഗമായി കണക്കാക്കി ഇത്തരം രചനകൾക്ക് യുക്തമായ പേരും അർഹമായ ഇരിപ്പിടവും നൽ കുകയായിരുന്നില്ലേ അക്കാദമി  ചെയ്യേണ്ടിയിരുന്നത്.തങ്ങൾക്കന്യവും അനർഹവുമായ കാവ്യക്കസേരയിൽ  കയറിക്കൂടാൻ ശ്രമിക്കുന്ന പുതു രൂപ രചയിതാക്കളും വക്താക്കളും, വേറിട്ടുള്ള നിലനില്പിനു ശ്രമിച്ച് അതിൽ  വിജയിക്കയല്ലേ അഭികാമ്യമായിട്ടുള്ളത്. കാവ്യാംശം കണികാണാനില്ലാത്ത  തങ്ങളുടെ രചനകളേയും തങ്ങളെത്തന്നെയും ഇങ്ങനെ, കാവ്യ കല്പകത്തിലെ ഇത്തിക്കണ്ണിയാക്കുന്നത് ആത്മവിശ്വാസക്കുറവ് ഒന്നുകൊണ്ടു മാത്രമല്ലേ. ഇവർ, പര നാമ സ്വീകരണം വഴി പ്രതിഭാ ദാരിദ്ര്യം മറികടക്കുമ്പോൾ പുരസ്കാരം നല്കുന്നത് അനുചിതമല്ലേ..ഭാഷയിലെ ഒരു സംസ്കൃതി തന്നെ അന്യം നിന്നു പോവില്ലേ..
         അർത്ഥ- താള-ചമല്കാരാദികളുടെ കൃത്യമായ സമ്മിശ്രണത്തിലൂടെ മാത്രം ഉരുവം കൊള്ളുന്നതാണു കവിത. ഈ അടിസ്ഥാനത്തിലൂന്നി നിന്നു കവിത രചിക്കയും കാവ്യലോകത്ത് അറിയപ്പെടുകയും ചെയ്തതിനു ശേഷം മാത്രമാണു മുൻ കാലങ്ങളിലുള്ളവർ കവിതയിൽ പുതുവഴി വെട്ടാനിറങ്ങിയത്.അന്നവർ വെട്ടിത്തുറന്ന പുതുവഴിയിൽ ഇന്നുള്ള പ്രതിഭാ ദരിദ്രർ ചിന്താ മാലിന്യമെറിഞ്ഞ് നാറ്റിക്കയാണു.ഇന്നിപ്പോൾ തീർത്തും അസ്സഹനീയമായ ഇപ്പരിപാടിക്ക് അക്കാദമി പുരസ്കാരം നല്കുന്നതിൽ ഒരു വിരോധവുമില്ല. പക്ഷേ അത് പാവനമായ കവിതയുടെ പേരിൽ ആവരുതെന്നു മാത്രം അഭ്യർത്ഥിക്കുന്നു... പകരം  ഇപ്പോൾ കൊടുക്കുന്ന കവിത നോവൽ തുടങ്ങിയ പതിമൂന്ന് വിഭാഗത്തോടൊപ്പം,അനുയോജ്യമായ ഒരു പേരു കണ്ടെത്തി ഈ ഐറ്റത്തെയും ഉൾപ്പെടുത്തി അക്കാദമി പുരസ്കാരം പതിനാലാക്കുക.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മുൻപില്ലാതിരുന്ന മിമിക്രി പോലുള്ള  എത്രയോ ഇനങ്ങളെ ഉൾപ്പെടുത്തിയത് ഇത്തരുണത്തിൽ ഓർക്കാവുന്നതാണു.
    പുരസ്കാരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച്  മേൽ സൂചിപ്പിച്ച തരം  രചനകൾക്ക് പുതുപേരിൽ പുരസ്കാരം നല്കാതെ അവയ്ക്ക്  കവിതയ്ക്കുള്ള പുരസ്കാരം തന്നെയാണു അക്കാദമി തുടർ ന്നും നൽ കുന്നതെങ്കിൽ, അക്കാദമിയും കവിതയും തമ്മിൽ പുതു കാലത്തിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്നു ഈയുള്ളവൻ കരുതുന്നതായിരിക്കുമെന്ന് അറിയിക്കട്ടേ..അങ്ങിനെയെങ്കിലും കൈരളിയോടും,  മരിച്ചവരും  ജീവിച്ചിരിക്കുന്നവരുമായ  കവികളോടും  ഇവനുള്ള സ്നേഹവും കടപ്പാടും വിധേയത്വവും പ്രകടിപ്പിക്കട്ടേ..!

              --(---
 അശോകൻ ടി  ഉണ്ണി

1 comment:

  1. കവിത്വമില്ലാത്ത കവികള്‍!!

    ReplyDelete