Pages

Saturday, April 13, 2013

ശ്രേഷ്ഠഭാഷാ പണ്ഡിതന്മാർ


-------------------------------
ഒരുത്തർ ക്കും ലഘുത്വത്തെ
വരുത്തുവാൻ മോഹമില്ല
ഒരുത്തന്നും പ്രിയമായി-
പ്പറവാനും തരമില്ല....
---------------------------


      ഭാരതീയന്റെ ഭഗവത്ഗീതയിൽ  സംഭവിക്കുന്നതെല്ലാം നല്ലതിനാണു. ഇതേ ആശയം വരുന്ന  പടിഞ്ഞാറൻ കഥയുമുണ്ട്‌.കൃഷിക്കാരന്റെ ഏകാശ്രയമായ കുതിര കാട്ടിലേയ്ക്കോടിപ്പോയി. വിഷമിച്ചിരുന്ന അയാളുടെ മുന്നിൽ ഏതാനും നാൾ കഴിഞ്ഞ്‌        ടി അശ്വം മെച്ചപ്പെട്ട നാലു കുതിരയോടൊപ്പമെത്തുന്നു. എന്നാൽ സാർവ്വഭൗമന്മാർ ഒഴിഞ്ഞുപോയ മലയാളകവിതാ വേദിയിൽ അല്പ വിഭവന്മാരും അനാഗതശ്മശ്രുക്കളും തട്ട്പൊളിച്ചാടുന്നത്‌ കാണുമ്പോൾ പശ്ചാത്യ പൗരസ്ത്യ സാന്ത്വനോക്തികൾ തിരുത്തിക്കുറിക്കേണ്ടതായി തോന്നുന്നു. സംഭവിക്കുന്നതൊന്നും നല്ലതല്ല. നല്ലതിനുമല്ല. മെച്ചപ്പെട്ട ഒന്നിനേയും പ്രതീക്ഷിക്കയും വേണ്ട. നല്ല കവിതകൾ വൃത്ത-താള-നിബദ്ധമായി എഴുതിപ്പോന്നിരുന്ന ശ്രീകുമാരൻ തമ്പിയും കെ ജയകുമാറും വരെ ഇപ്പോൾ പിള്ളേരുടെ വഴിയേ ആണു. അനായാസേന ഗദ്യം... വൃഥാ ഘോഷിപ്പു കാവ്യം...
    കഴിഞ്ഞദിവസം എറണാകുളത്ത്‌ അനേകം വിദ്യാർത്ഥികളടക്കമുള്ള സദസ്സിൽ കേരളസംസ്കാരത്തിന്റെ ചുക്കാൻ കുത്തകപ്പാട്ടത്തിനു പിടിച്ചിരിക്കുന്ന കവി മൊഴിഞ്ഞത്‌ വൃത്തം (താളം)ശീലത്തിന്റെ പ്രശ്നം മാത്രമാണെന്നാണു. അടുത്ത വാചകം അതിലും കേമം. ചിലർക്ക്‌ ടോയ്‌ലറ്റിൽ സിഗരറ്റോ ന്യൂസ്‌ പേപ്പറോ ആവശ്യം വരുന്നില്ലേ അതുപോലെ. ഇതു കണ്ടും കേട്ടും വളരുന്ന പുതു തലമുറ നേരേ തട്ടിലേക്ക്‌ ഓടിക്കയറുകയാണു.വായന ഭാവന വിചാരം വിവേകം ഇതൊന്നും വേണ്ടേ വേണ്ട.  വാളെടുക്കുന്നു. വെളിച്ചപ്പെടുന്നു. മലയാള കാവ്യാംഗനയുടെ ഒരു വിധി. വേറെന്തു പറയാൻ. നമ്പ്യാരാശാൻ ഇതു പണ്ടേ പാടിയിട്ടുള്ളതാണു.
ഓതിക്കോനൊരു മന്ത്രമെടുത്താൽ
ഒരു പന്തിക്കാ,രൊക്കെയെടുക്കും.
കാര്യം പിടികിട്ടിയില്ലേ. മോന്തായം തന്നെയാണു വളഞ്ഞിരിക്കുന്നത്‌.എന്നിട്ടിവർ ഭാഷയ്ക്ക്‌ ശ്രേഷ്ഠപദവി ലഭിക്കാൻ നിരാഹാരം കിടക്കുന്നു. തെക്കു വടക്കു നടക്കുന്നു.വാടകക്കെട്ടിടത്തിൽ യൂണിവേർസിറ്റി സ്ഥാപിക്കുന്നു . മ്ളേശ്ചഭാഷയാക്കാനുള്ള സകലമാന പണികളും ദിനേനയെന്നോണം ചെയ്തതും ചെയ്യുന്നതും സൗകര്യപൂർവം മറക്കുന്നു. മലയാള പാഠ്യപദ്ധതിയിൽ നിന്നു പണ്ടുണ്ടായിരുന്ന പദ്യപാഠാവലി എന്നന്നേക്കുമായി എടുത്തുകളഞ്ഞതും ഇവർ തന്നെ.  ഇന്ന്‌ പൊതു ഇടങ്ങളിൽ സ്വന്തം ഭാഷയിലെ ഏറ്റവും കുറച്ചു വാക്കുകൾ ഉപയോഗിക്കുന്നവരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരൻ മലയാളിയാണു.കേഴുക പ്രിയ നാടേ..കേഴുക...പരിഷത്തിന്റെ  ഡീ പി ഈ പി പ്രയോഗങ്ങൾ കൂടി ഓർത്താലേ ഈ ചിന്ത പൂർത്തിയാകൂ....
----------------------
ചൂരിദാറിനു സ്ളിറ്റ്‌ വേണ്ട
----------------------
      പേയുണ്ടെങ്കിൽ പട്ടിയെത്തന്നെയാണു പൂട്ടിയിടേണ്ടത്‌. തല്ലിക്കൊല്ലേണ്ടതും. പക്ഷേ കാൽനടക്കാരനും ഒരു കരുതലെടുക്കാവുന്നതേയുള്ളു.  കുഴപ്പമൊന്നുമുണ്ടാവില്ല. കിട്ടാനുള്ള കടിയുടെ എണ്ണം കുറയ്ക്കുകയുമാവാം. ചൂരിദാറിനു സ്ളിറ്റ്‌ ഉപേക്ഷിക്കുന്നത്‌ ഉചിതമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണു. സർക്കാർ നിയമം മൂലം ഈ സുതാര്യ വസ്ത്രം നിരോധിക്കണം.അല്ലെങ്കിൽ സ്ളിറ്റ്‌ ചൂരിദാറിനു ബോട്ടമായി, ജീൻസ്‌ നിർബ്ബന്ധമാക്കണം. വിശദീകകരിക്കുന്നില്ല. എല്ലാവരുടേയും പകൽ കാഴ്ചകൾ സ്വയം വിമർശനപരമായി വിലയിരുത്തുക.
----------------------------------
റസിഡൻഷ്യൽ അസോസിയേഷനുകൾ
ഉണ്ടാകുന്നതെങ്ങിനെ
----------------------------------
     എല്ലാ റസിഡെൻഷ്യൽ അസോസിയേഷനുകളുടെയും ഭാരവാഹികളുടെ ക്രഡൻഷ്യൽ റിപ്പോർട്‌ തയ്യാറാക്കുക. തൊഴിൽ കോളത്തിൽ റിട്ടയേർഡ്‌   എം പ്ളോയി എന്നുതന്നെ കാണും. കാലങ്ങളായി സേവിച്ചു സേവിച്ചങ്ങിനെയിരിക്കുമ്പോഴാണു അടുത്തൂൺ എത്തുന്നത്‌. അടുത്തു കിട്ടിയ ഊണു ഉപേക്ഷിക്കുന്നതെങ്ങിനെ.  ഓർക്കാനേ വയ്യ. ഉടൻ റസിഡൻഷ്യൽ അസോസിയേഷൻ ഉണ്ടാകുകയായി. ഉള്ളതിൽ കയറിപ്പറ്റുകയായി. മിനിമം കാര്യപരിപാടി മാത്രം.വാർഷികത്തിനു തിരുവാതിര കളി ചാക്കിലോട്ടം ഭക്ഷണ പാനീയം എന്നിത്യാദി. ഇടയ്ക്കെപ്പോഴെങ്കിലും മെട്രോ റയിൽ പൊട്ടൻ ചിറയിലേയ്ക്കു നീട്ടണമെന്നാവശ്യപ്പെട്ട്‌ ഏറ്റവും അടുത്ത ആപ്പീസിലേയ്ക്കൊരു മാർച്ച്‌. തീർ ന്നു. മനോരമ മാത്രുഭൂമി റിപ്പോർട്ടേർസുമായി നല്ല ബന്ധമുള്ളതു കൊണ്ട്‌ പിറ്റേ ദിവസം വെണ്ടയ്ക്ക. ആനന്ദലബ്ധിയ്ക്കിനിയെന്തുവേണം.
       വിലക്കയറ്റം അഴിമതി ഏതാനും പേരുടെ കൈകളിലേയ്ക്കുള്ള രാഷ്ട്ര സമ്പത്തിന്റെ കുത്തൊഴുക്ക്‌   സാംസ്കാരികാടിമത്തം ഇവയ്ക്കെതിരെ ഏതെങ്കിലും  റസിഡെൻഷ്യൽ അസോസിയേഷൻ ഒരു ധർണ നടത്തിയിരുന്നെങ്കിൽ..! ഒന്നും വേണ്ട... കൊല്ലം തോറും കോർപ്പറേറ്റുകൾക്കനുവദിക്കുന്ന നികുതിയിളവിന്റെ ഒരു പട്ടിക തയ്യാറാക്കി ഇവർ  അംഗങ്ങൾ ക്കു വിതരണം ചെയ്തിരുന്നെങ്കിൽ...! അരാഷ്ട്രീയവല്ക്കരണം അധികാരി വർഗ്ഗത്തിന്റെ അജൻഡയാണു. ദ്രുതഗതിയിൽ അതു പൂർത്തിയായിക്കൊണ്ടിരിക്കുന്നു.റസിഡൻഷ്യൽ അസോസിയേഷനുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
--------------------
മാറു മറയ്ക്കൽ സമരം
--------------------
    ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും സംഭവിക്കുമെന്നത്‌ അക്ഷരം പ്രതി ശരിയാണു. യുക്തിക്കു നിരക്കാത്തതും ചരിത്രത്തോടു നീതി പുലർത്താത്തതുമായ പേരിൽ ചരിത്രമുഹൂർത്തങ്ങൾ അറിയപ്പെടുന്നത്‌ പ്രഹസനം തന്നെയാണു. ചാന്നാർ സ്ത്രീകൾ 1818-ൽ തങ്ങളുടെ മാറു മറയ്ക്കുക മാത്രമേ ചെയ്തുള്ളു.അതു ലഹളയാകുന്നില്ല. എന്നാൽ മേൽ ജാതിക്കാർ,  സ്ത്രീകളുടെ വസ്ത്രം ബലമായി അഴിയ്ക്കുകയും കലാപം അഴിച്ചുവിടുകയും ചെയ്തത്‌ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്‌ ചാന്നാർ ലഹള (കലാപം) എന്ന പേരിലും. കലാപം ചെയ്യാത്തവരുടെ പേരിൽ കലാപം ആരോപിക്കപ്പെട്ടിരിക്കുന്നു.വളച്ചൊടിക്കപ്പെടാൻ പരുവത്തിൽ ചരിത്രത്തിൽ അത്‌ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.ശ്രേഷ്ഠഭാഷാ പദവിക്കായി പരക്കം പായുന്നവർ ഈ ചരിത്രസ്ഖലിതം തിരുത്തുന്നതിനും അല്പസമയം കണ്ടെത്തുക.
--------------------
സംഭാരവും കൊക്കൊകോളയും
-----------------------
        ഏറ്റവും പുതിയ മാത്രുഭൂമി വീക്കിലിയിൽ(ലക്കം-5) ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്‌  ശ്രീമതി സുഗതകുമാരി എന്നിവരുടെ മനോഹരമായ കവിതകൾ  വായിക്കാം. പൊരിവെയിലിൽ ദാഹിച്ചുവലഞ്ഞു വരുന്നവനു രണ്ടുഗ്ളാസ്‌ നാടൻ സംഭാരം ലഭിച്ചതുപോലുണ്ട്‌ ചുള്ളിക്കാടിന്റേയും ടീച്ചറുടേയും  കവിതകൾ. അവാച്യമായ രുചിയും തൃപ്തിയും അന്തരാത്മാവിലേയ്ക്ക്‌ പോലും അലിഞ്ഞിറങ്ങുന്നു.
വചനമേ നീയെന്റെ ജീവിതത്തിൽ
പുലർകാല നക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്നപ്രകാശഭിക്ഷ....
ഈ സുകൃത കാവ്യസംഭാര സമൃദ്ധിയ്ക്കിടയിലേയ്ക്ക്‌ തണുത്തുമരച്ച കൊക്കൊ കോളയുമായി എത്തുന്നവരെ ഒന്നു സങ്കല്പ്പിച്ച്‌ നോക്കൂ. അങ്ങിനെയുള്ള രണ്ടുപേരെയും നമുക്ക്‌ ഇതേ ലക്കത്തിൽ കാണാം. കോളക്കവിതയുടെ കോമ്പിനേഷനും അറിഞ്ഞുവെക്കാം.
--------------------------
ബാലപംക്തി എത്രയോ ഭേദം
--------------------------
       എഴുതിത്തുടങ്ങുന്നവർ  വളയമില്ലാതെ ചാടുന്നതിന്റെ ദുരന്തമായി ബ്ളോഗ്‌ കവിതകൾ മാറിക്കഴിഞ്ഞിരിക്കുന്നു. അസഹിഷ്ണുത   അറിവില്ലായ്മ അർഹതയില്ലാത്തത്‌ നേടാനായുള്ള അത്യാർത്തി ഇവ മൂലം, സ്വയം എഡിറ്ററാകാതെ, നിത്യേന കവിതകൾ പടച്ചു വിടുമ്പോൾ ജനം മുഖം തിരിക്കയാണു. രചനകൾ ഒരാവർത്തി കൂടി വായിച്ച്‌  കൂടുതൽ ഭംഗിയാക്കാൻ രചയിതാക്കൾ ശ്രമിക്കുന്നേയില്ല. വർഷങ്ങളുടെ തിരുത്തലുകൾക്കു ശേഷമാണു ഓ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധികരിച്ചത്‌. മനോഹരമായ `മഞ്ഞിൽ` ഇപ്പോഴും ഉരുളക്കിഴങ്ങ്‌ എന്ന വാക്ക്‌ മുഴച്ചു നിൽക്കുന്നതായി എം ടി എഴുതിയിരിക്കുന്നു. അൻപതും അറുപതും കഴിഞ്ഞവരുടെ ബ്ളോഗ്‌ കവിതകളേക്കാൾ എത്രയോ ഭേദമാണു മാത്രുഭൂമി വീക്കിലിയിലെ ബാലപംക്തി. കലിപ്പ്തീർക്കാൻ ബ്ളോഗിൽ ചൊറിക്കവിതകൾ എഴുതുകയും പരസ്പരം മഹാകവികളാക്കുകയും ചെയ്യുന്നവർ എഴുത്തച്ഛൻ മുതലിങ്ങോട്ടുള്ള പത്തു കവികളുടെ പത്തു കവിതകൾ മന:പാഠമാക്കട്ടെ. എണ്ണം കൊണ്ടല്ലാതെ സ്വന്തം രചനയുടെ ഗുണം കൊണ്ട്‌ സഹൃദയന്റെ ഹൃദയത്തിൽ ഇടം നേടട്ടേ. പ്രതിഭാ ദാരിദ്ര്യം മറികടക്കാൻ പ്രകടനം നടത്തിയിട്ടു കാര്യമില്ല. നിഴൽ യുദ്ധവും ആശാസ്യമല്ല.
------------
ഫലശ്രുതി
-------------
ചിന്താ ദരിദ്രനുടെ ഹൂങ്കാര ശബ്ദമതി-
സന്താപമോടിനി ഗണിക്കാം,സഹിക്ക വിധി..
കണ്ടാൽ ഗ്രഹിക്കുവതി,നാവാത്ത പാമരനി-
ലുണ്ടാകയില്ല മതി;യുണ്ടാക ജ്ഞാനമൃതി...

        ---(----

അശോകൻ ടി  ഉണ്ണി

2 comments:

  1. എഴുത്തച്ഛൻ മുതലിങ്ങോട്ടുള്ള പത്തു കവികളുടെ പത്തു കവിതകൾ മന:പാഠമാക്കട്ടെ. എണ്ണം കൊണ്ടല്ലാതെ സ്വന്തം രചനയുടെ ഗുണം കൊണ്ട്‌ സഹൃദയന്റെ ഹൃദയത്തിൽ ഇടം നേടട്ടേ. പ്രതിഭാ ദാരിദ്ര്യം മറികടക്കാൻ പ്രകടനം നടത്തിയിട്ടു കാര്യമില്ല. നിഴൽ യുദ്ധവും ആശാസ്യമല്ല.

    സത്യമായ കാര്യം

    ReplyDelete
  2. ഈ തുറന്നെഴുത്ത് കൊള്ളാം
    ഇനിയും വരട്ടെ -

    ReplyDelete