Pages

Friday, January 24, 2014

അരുതിനിയും രതി നടനം..


ഒരുനാ,ളുഷേ...നിന,ക്കേകുവാനൊരു ചെറു-
ചിരിയും കരുതി നിൻ ചാരെ ഞാ,നണഞ്ഞപ്പോൾ
നീൾമിഴി,യടച്ചുടൻ കൈകളിൽ മുഖം താഴ്ത്തി
നീ തല കുനിച്ചിരു,ന്നാകെ ഞാ,നപ്സെറ്റായി..

വേദന തളം കെട്ടും വദനം കുനിച്ചുമൽ-
പാദങ്ങൾ പുറകോട്ടു ചലിപ്പിച്ചകലുമ്പോൾ
നീ ശിരസ്സുയർത്തിയെൻ കൺകളിൽ നോക്കിപ്പൊട്ടി-
ച്ചിരിച്ചൂ;കളിയാക്കി ചിരിച്ചൂ നിൻ കൂട്ടുകാർ..

നീറുമെൻ ഹൃത്തിൽ നൂറു കാരമുള്ളുകൾ കുത്തി-
ക്കേറിയോ,രനുഭവ,മാനേരമെനിക്കുണ്ടായ്‌..
തറയിൽ ചവിട്ടി ഞാൻ നിൽക്കുമീ ധരയൊരു-
തിരവ,ന്നൊടുങ്ങിപ്പോ,യെങ്കിലെന്നാശിച്ചു ഞാൻ..
ഇരുളീ മണ്ണിൻ മേലേ ഇളകാപ്പുതപ്പായി
ഉടനേ പൊതിഞ്ഞിടാ,നതിയായ്‌ കൊതിച്ചു ഞാൻ..

ചിരിയി,ലൊളിപ്പിച്ചു വെച്ചതാം കൂരമ്പുകൾ
പുതുകാമുകൻ നെഞ്ചി,ലെയ്തു നീ രസിക്കവേ
ഇലകൊ,ണ്ടജത്തിനെ അലയാൻ കൊതിപ്പിക്കും
തവ വർഗ്ഗത്തിൻ ജന്മ,പ്പൊരുളന്നറിഞ്ഞു ഞാൻ..

ചുടലക്കളത്തിലേ,യ്ക്കൊടുവിൽ ചെന്നെത്തീടും
നര ജീവിതത്തിന്റെ ദുരിതപ്പെരും വഴി..!
മൃഗതൃഷ്ണപോൽ പെണ്ണിൻ പ്രണയം മുന്നിൽ കാൺകേ
കുതിരക്കുതിപ്പുമായ്‌ പുരുഷ പ്രയാണവും..!
അണയുംതോറും ദൂരേ,യ്ക്കകലും മരീചിക-
മറയും, പാവം തളർന്നടിയും കഥാന്ത്യത്തിൽ..!

അണുവിൽ തുടങ്ങി ഞാൻ, പുഴുവായ്‌ വന്നൂ;ജനി-
മൃതികൾക്കൊടുവിലീ നരനായ്‌ പിറന്നുപോയ്‌..
മടിയായ്‌ ജീവിക്കുവാൻ;നവവേഷത്തിൽ വീണ്ടും-
വരുമെന്നാകിൽ ഒരു മരമായ്‌ ജനിക്കേണം..

നീരദം നീങ്ങും ദൂര,നീരവ സ്ഥലികളിൽ
താരകൾ നൃത്തം വെയ്ക്കും ചാരുവാ,മിടങ്ങളിൽ
ആരെയുമോരാതങ്ങു നോക്കി നിൽക്കുവാൻ മര-
മാകുവാൻ കഴിയുന്നതേറെ ഞാൻ കൊതിക്കുന്നു..

ഏഴിനം കുതിരയെ പൂട്ടിയ തേരിൽ ദിനം-
തോറുമീ വിഹായസ്സിൽ വന്നുപോ,മാദിത്യന്റെ
ചൂടിനെസ്സഹിച്ചുകൊ,ണ്ടീമഹാ പ്രപഞ്ചത്തിൽ
ജീവനെ വിതയ്ക്കുവാൻ, ജീവിതം തളിർ ക്കുവാൻ,
ഇലയാൽ കുട നീർത്തി തണലേകിടും സുഖം
വരമായ് ലഭിക്കുവാൻ-  മരമായ്‌ ജനിക്കേണം...

അതിനായ്‌ തപംചെയ്യും നേരമെൻ,മുന്നിൽ മതി-
മുഖി നീ വീണ്ടും രതി നടനം ചെയ്തീടല്ലേ...!
ചിരി തൻ തിരപ്പുറത്തേറ്റി നീ,യിവനെ വൻ-
ദുരിതക്കടൽ ക്കയം തന്നിലേ,ക്കൊഴുക്കല്ലേ..!!
              --(---

അശോകൻ  ടി ഉണ്ണി
---------------------------
RE POSTING
-------------------------
*No part or full text of this literary work may be re produced in
  any form without prior permission from the author.
------------------------------------------------------

2 comments:

  1. മതിമുഖീ, മതി..മതി..
    തവ ലാസ്യനർത്തനം

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  2. വിശ്വാമിത്രന്റെ മനസ്സിളക്കിയതുപോല്‍...

    ReplyDelete