Pages

Saturday, July 6, 2013

വികല കല്പനാ വിഗ്രഹം മാത്രമായ്‌.....


പ്രളയമായിരുന്നെങ്ങും;അതിന്മീതെ
ചലനമില്ലാതെ കാലം കിടക്കവേ
സ്ഥലമതൊക്കെയും ഒരു ബിന്ധുവായതിൽ
വിലയമാർ,ന്നന്ധകാരം ജ്വലിക്കവേ
അണുവിലും അണു പോലും പ്രപഞ്ചത്തി-
ലുരുവമാകാതെ മൗനം മുഴങ്ങവേ
സകല ചൈതന്യമുറയുന്ന പൊരുളിനെ
വിതറി,നിസ്തന്ദ്രമുയരുന്ന നാദമായ്‌
പ്രണവമായി നീ വന്നൂ;അനന്തര-
ത്തിരയിൽ ജീവിതം സംഗരം മാത്രമായ്‌....

ഭുവന ചലനത്തി,നാധാരമായുള്ള
ഭ്രമണചക്രം തിരിച്ചു നീ നിൽക്കവേ
അറിവു,കാര്യവും കാരണം തന്നെയും
പരമപൂരുഷൻ നീതന്നെ,യെങ്കിലും
കൊതിയൊടന്നം ഭുജിക്കാൻ തുടങ്ങവേ
തെരുതെരെക്കല്ലു തടയുമ്പൊളെന്നപോൽ
തല പെരുക്കുന്നു ജീവിതം കൊണ്ടു നീ
തലമ,തായം കളിക്കുന്നതോർക്കവേ....

പറയി പെറ്റുള്ള മക്കളായ്‌ ഞങ്ങളീ
ധരയിലൊക്കെയും വ്യാപിച്ചു നിർദ്ദയം-
സഹജരെക്കൊ,ന്നലക്ഷ്യമായ്‌ പായവേ
സഹതപിക്കാതെ ശകുനിയായ്‌ നിന്നു നീ
വെറുതെ ഞങ്ങളെ സംസാരസാഗര-
ത്തിരയിലമ്മാന,മാടിക്കളിക്കുന്നു...

കളി രസിച്ചങ്ങിരിക്കുന്ന നിന്നുടെ
ഇമയനക്കത്തിലായിരം ജന്മങ്ങൾ
ദുരിത ജീവിത കർമങ്ങളൊക്കെയും
ദ്രുതതരം തീർത്തു പിരിയുന്നതൃപ്തരായ്‌...

കുഴിയിലാണ്ടും കരിഞ്ഞും ഒഴുക്കുള്ള
പുഴയിൽ പാതിവെ,ന്തഴുകിയും ഞങ്ങൾ തൻ
പ്രിയ ശരീരങ്ങൾ മറയുന്നു;ദേഹി, തൻ-
പുതിയ വേഷപ്പകർച്ചക്കു കോപ്പിടാൻ
പഴയ കർമ,പ്പഴന്തുണിക്കെട്ടുമായ്‌
ഗഗന വഴികളിൽ അലയുന്നമുക്തനായ്‌...

സൗരയൂഥ പഥങ്ങളിൽ, നക്ഷത്ര-
നിരകൾ നിത്യം പ്രകാശവർഷങ്ങൾക്കു-
മകലെയകലേയ്ക്കകന്നിടും ധൂമില-
വഴിയി,ലൊറ്റയ്ക്കു നീ നടന്നീടവേ,
അവ,രസംതൃപ്തചിത്തരാ,മാത്മാക്ക-
ളനുദിനം ചോദ്യശരമൊന്നയച്ചിടും
നിനദമെന്നിലും നിറയുന്നു;നിയതി തൻ
പൊരുളറിഞ്ഞ നീ മറുവാക്കു ചൊല്ലുമോ...

നരകവാസമീ മണ്ണിൽക്കഴിക്കുമെൻ
ഹൃദയസ്പന്ദത്തൊടൊപ്പം തുടിക്കുമാ
പെരിയ സംശയം നിന്നോടു വീണ്ടുമീ
വ്യഥിത സന്ധ്യയിൽ ചോദിച്ചിടട്ടെ ഞാൻ...

ഭുവനമാകെയും നിറയുന്ന നീ നിന്റെ
വചന കാരണം പറയാ,തമൂർത്തമായ്‌
വികലകല്പനാ വിഗ്രഹം മാത്രമായ്‌,
മനുജ സന്ദിഗ്ദ്ധ നിമിഷാശ്രയത്തിന്റെ
മറവിൽ വാഴാതെ, മൂർത്തമാം രൂപമായ്‌
നരനു മുന്നിൽ വരാത്തതെന്താണു നീ....

                --(---

ടി  യൂ  അശോകൻ
--------------------------
RE-POSTING
-----------------------------------------------------------
*No part or full text of this literary work may be re produced in 
  any form without prior permission from the author.
------------------------------------------------------------------

3 comments:

  1. ആഴവും അര്‍ത്ഥവും വ്യാപ്തിയുമുള്ള മനോഹരകവിത

    ReplyDelete
  2. മറവിലിരുന്നിട്ടു പോലുമീയെന്നെയാ-
    ത്തെരുവിൽ വെറും ചരക്കാക്കി വിൽക്കുന്നു മാനവർ..!!!
    വരമവർക്കേകുവാൻ മുന്നിലെത്തീടുകിൽ
    നരകമാവില്ലെന്നെനിക്കുറപ്പില്ലെടോ..!!!

    ഞങ്ങളുടെയെല്ലാം സ്വഭാവഗുണമോർത്തെഴുതിപ്പോയതാ. ദൈവമേ... മാപ്പ്..മാപ്പ്..മാപ്പ്..


    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. ഈണം കൊടുത്താല്‍ നന്നായിരിക്കും....

    ReplyDelete