Pages

Saturday, June 22, 2013

പൂച്ച സന്യാസി


ഒരുനാൾ പെരിയൊരു മാർജ്ജാരൻ തൻ
പശി മാറ്റാനൊരു വഴികാണാതെ
കൊടിയ നിരാശയി,ലുരുകും മനമോ-
ടുഴറിനടന്നൂ യമുനാതീരേ..

എലികളെനോക്കി പലമാളങ്ങൾ
തെരുതെരെ വീരൻ മാന്തിക്കീറി
എലിയില്ലെന്നതുപോട്ടെ, കയ്യിൻ-
ചെറുനഖമെല്ലാം ചോരയണിഞ്ഞു..

ഉള്ളിലുയർന്നു വരുന്നവിശപ്പിൻ
തള്ളലു തീർക്കാൻ വഴികാണാതെ
പുല്ലുകടിച്ചു വലഞ്ഞവ,നൊരുചെറു-
കല്ലിലിരുന്നു മയങ്ങും നേരം,
സങ്കടനദിയിൽ നിന്നുകരേറാൻ
ശങ്കര,നരുളിയ വരമതുപോലെ
സമ്പ്രതി പുതിയൊരു ചിന്തയുദിച്ചൂ
സംഗതിയോർക്കേ പൂച്ചചിരിച്ചൂ...

ഏറിയമോദാൽ മൂരിനിവർന്നും
ദ്വാപരനദിയിൽ മുങ്ങിനിവർന്നും
മേനിയിലാകെ കുറികളണിഞ്ഞും
കൂമ്പിയ മിഴിയാൽ എലിയെനിനച്ചും
യമുനാതീര,ത്തുള്ളരയാലിൻ
തണലിൽ പൂച്ച തപസ്സുതുടങ്ങി...

അർക്കൻ മെല്ലെത്താണു തുടങ്ങി
ഒപ്പം പൂച്ച തളർന്നു തുടങ്ങി
ദുർഗ്ഗതി തീർക്കാൻ ചെയ്തൊരുപായം
അപ്പടി പാഴായെന്നു നിനയ്ക്കേ,
വിഢികൾ മൂഷിക,രൊന്നൊന്നായാ-
തസ്കര യതി തൻ മുന്നിലണഞ്ഞൂ...
തങ്ങൾക്കുള്ളൊരു സങ്കടമെല്ലാ-
മങ്ങറിയിച്ചവർ താണുവണങ്ങി...

ചൊല്ലീ ഋഷിയും`സംസാരാംബുധി-
തന്നിൽ പിടയും ഹതഭാഗ്യന്മാർ,
പാപം കൊടിയതുചെയ്തവർ, നിങ്ങൾ
പരിഹാരത്തിനൊരുങ്ങുക വേഗം..
ഓരോമൂഷിക,നോരോനാളിൽ
പോരിക ഭജന നടത്താനായി`

`കണ്ണിണകൊണ്ടു ഗ്രഹിക്കും ലോകം
നിർണ്ണയമെന്നു നിനയ്ക്കുക മൂലം
വന്നുപെടുന്ന ദുരന്തമതൊക്കെ
ഒന്നൊഴിയാതെ,യൊഴിച്ചീടാനായ്‌
എന്നുടെ സന്നിധി തന്നിൽ ഭജിക്കുക-
യെന്നതുമാത്രം നിങ്ങടെമാർഗ്ഗം`

ഇങ്ങനെ ഋഷിയുടെചൊല്ലതു കേട്ടി-
ട്ടൊന്നിനു പുറകേ,യൊന്നായെലികൾ
തങ്ങടെമോക്ഷം പൂച്ചനിമിത്തം
എന്നുവിചാരി,ച്ചാദരപൂർവ്വം
വന്നക്ഷണം താ,നവയെമുഴുക്കെ
കൊന്നു ഭുജിച്ചൂ പൂശകവീരൻ....

തങ്ങിയ ദിശയിൽ മൂഢന്മാരുടെ
എണ്ണം കുറവായ്‌ കണ്ടൊരു നീചൻ
പുതിയൊരുമേഖല തേടിത്തന്നുടെ-
വടിയുമെടുത്തു നടന്നു തുടങ്ങി........!

         --(---

ടി.യൂ.അശോകൻ
--------------------------
RE POSTING
--------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author.
---------------------------------------------------------------

5 comments:

  1. പൂച്ചസന്യാസികള്‍ക്കും എലികള്‍ക്കും ഒരു കുറവുമില്ല നാട്ടില്‍

    ആക്ഷേപക്കവിത അത്യുഗ്രന്‍

    ReplyDelete
  2. എലികൾ നിര്ബന്ധമായും പൂച്ചകൾ പട്ടിണി കിടക്കെണ്ടങ്കിലും വായിച്ചിരിക്കേണ്ട കവിത
    ഞാൻ എലി പൂച്ച അല്ലാത്തപ്പോൾ മാത്രം

    ReplyDelete
  3. കുഞ്ഞുന്നാളിലേക്ക് മടക്കിക്കൊണ്ടു പോയി, ഈ കവിത.

    ശുഭാശംസകൾ....

    ReplyDelete
  4. മൂഷികമുഖമേ പഞ്ചയമർത്തി
    മാരുതിവേഗം പാഞ്ഞെത്തി ഞാൻ
    പൂശകവീരൻ കഥയതു കാൺകെ
    പലമുഖകമലം മമ മനതാരിതിലെത്തി.

    ReplyDelete
  5. പണ്ട് വായിച്ചിട്ടുളള കഥയാണ്. അതിന്റെ കവിതാവിഷ്കാരം ഉജ്ജ്വലമായി. പദങ്ങളുടെ താളമേളം വളരെ ഇഷ്ടപ്പെട്ടു

    ReplyDelete