Pages

Saturday, June 16, 2012

അച്ഛനും മകളും


അമ്മതൻ താരാട്ടി,നൊപ്പമെ,ന്നച്ഛന-
ന്നുമ്മവെ,ച്ചെന്നെയുറക്കിടുമ്പോൾ
അമ്മിഞ്ഞപ്പാലുപോൽ തന്നെയാചുംബന-
ച്ചൂടുമെനിക്കിഷ്ടമായിരുന്നു.

അറിവിന്റെദീപം തെളിച്ചുകൊണ്ടെപ്പൊഴും
അലിവോടെമുന്നിൽ നടന്നിതച്ഛൻ.
അറിയാത്തലോകങ്ങ,ളാഴിപ്പരപ്പുകൾ,
സ്വയമേ,നരൻ തീർത്ത പ്രതിസന്ധികൾ,
ഒരുവിശ്വപൗരന്റെ തെളിവാർന്ന ചിന്തയു-
മൊരുപോലെ,യെന്നിൽ പകർന്നിതച്ഛൻ.

അറിയാതെവാക്കുകൾ കൊണ്ടു ഞാനച്ഛനെ
ഒരുപാടു വേദനിപ്പിച്ചനേരം
നെടുവീർപ്പിലെല്ലാ,മൊതുക്കിയെൻ കൺകളിൽ
വെറുതേ മിഴിനട്ടിരുന്നിരുന്നു.

നിറമുള്ളസ്വപ്നങ്ങ,ളായിരം തുന്നിയോ-
രുറുമാലു,മായൊരാൾ വന്നകാലം,
പുതുനിശാശലഭങ്ങ,ളന്തിക്കു നെയ്ത്തിരി-
പ്രഭയിലേക്കെത്തി,പ്പൊലിഞ്ഞു പോകും-
കഥപറഞ്ഞെന്നെ,യണച്ചു പിടിച്ചതെൻ
കരളിൽ വിതുമ്പലായ്‌ തങ്ങി നില്പ്പൂ.

ചിലനേരമെന്തിനെ,ന്നറിയാതെ,യെന്മിഴി-
നിറയുന്നകാൺകെ,യടുത്തുവന്നെൻ-
മുഖമൊറ്റമുണ്ടിന്റെ കോന്തലാ,ലൊപ്പുവാൻ
മുതിരുന്നൊരച്ഛനെൻ മുന്നിലുണ്ട്‌.

ഒരുവാക്കുമോരാതെ,യൊരുനാളി,ലെന്നമ്മ-
മൃതിദേവതക്കൊപ്പ,മങ്ങുപോകെ,
പുകയുന്ന നെഞ്ചകം പുറമേക്കു കാട്ടാതെ
ഒരുജ്വാലാമുഖിപോലെ നിന്നിതച്ഛൻ.

പുതുലോകജീവിത വ്യഥകളില്പ്പെട്ടു ഞാൻ
മറുനാട്ടിലേക്കു തിരിച്ചിടുമ്പോൾ
ഒരുവാക്കുമിണ്ടുവാ,നാകാതെ,യച്ഛനെൻ-
കരമാർ ന്നു വിങ്ങിയതോർത്തിടുന്നു.

ഗതികേടി,ലാസ്രയമില്ലാതി,ന്നച്ഛനെ
ഒരുവൃദ്ധ സദനത്തി,ലാക്കിടുമ്പോൾ
നെറികെട്ട ഞാൻ വൃഥാ കരയുന്നു,കണ്ണുനീർ-
ക്കണമൊപ്പുവാനച്ഛൻ വെമ്പിടുന്നു......

       --0--

ടി.  യൂ. അശോകൻ

1 comment:

  1. താങ്കളുടെ കവിത മനസ്സിൽ നൊമ്പരമുളവാക്കി.ആശംസകൾ

    ReplyDelete